നജീബ് മൂടാടി.
ഫേസ്ബുക്കില്‍ ഇങ്ങനെ ചില ഗ്രൂപ്പുകള്‍
ഉണ്ടെന്നും,അവിടെയൊക്കെ,കലയും സാഹിത്യവും സാമൂഹികവും ആയ ഒരു പാട്
വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഒരു വാരികയില്‍ വായിച്ചറിഞ്ഞ്
ആവേശം കൊണ്ട് മലയാളത്തിലെ അന്ന് ഏറ്റവും സജീവമായ ഒരു ഗ്രൂപ്പില്‍ നേരെ
ചെന്ന് അംഗമായിക്കൊണ്ടാണ് ഞാന്‍ എഫ് ബി യില്‍ സജീവമാകുന്നത്..പൂരപ്പറമ്പില്‍ എത്തിയ കുട്ടിയെപ്പോലെ അമ്പരപ്പായിരുന്നു ആദ്യം.വായിച്ചറിഞ്ഞ പ്രമുഖ എഴുത്തുകാര്‍,നെടുങ്കന്‍ പോസ്റ്റുകളും കമന്റുകളും ഘടാഘടിയന്‍ ചര്‍ച്ചകളും കഠിന വിമര്‍ശനവും വാക്പയറ്റുകളും ആയി ബുദ്ധിജീവികള്‍, പേടിച്ചു പേടിച്ച് ഇടുന്ന കമന്റുകള്‍ക്ക് ആരെങ്കിലും ഒരു ലൈക് അടിച്ചാലായി.നെഞ്ചിടിപ്പോടെ ഒരു പോസ്റ്റ് ഇട്ടാല്‍ ചെറുപ്പത്തില്‍ ചൂണ്ടയിട്ടു കാത്തിരിക്കും പോലെ ‘കൊത്തിയോ കൊത്തിയോ’ എന്ന് ക്ഷമയോടെ കാത്തിരിപ്പ്.ആരും തിരിഞ്ഞു നോക്കാനില്ലാതെ താഴോട്ടു താഴോട്ട് ......
അതിനിടെ എഫ് ബി യില്‍ ആദ്യമായി എനിക്കൊരു മെസ്സേജ് “ഈ മൂടാടി എവിടെയാ...നന്തിയുടെ അടുത്താണോ ഞാന്‍ പേരാമ്പ്രക്കാരനാണ്ഹാവൂ ഇതാ ഒരു അടുത്ത നാട്ടുകാരന്‍ ഫ്രണ്ടായി പരിചയപ്പെട്ടു.പിന്നെ ഞാന്‍ ഇടുന്ന പോസ്റ്റുകളില്‍ എന്തായാലും നാട്ടുകാരന്റെ കമന്റ് ഉണ്ടാകും സുരേ.... .തിരിച്ചും. ”(എഫ് ബി സൌഹൃദങ്ങളില്‍ ആദ്യമായി വിളിച്ചതും മാഷ് തന്നെ.)
ഗ്രൂപ്പില്‍ കയറിയ അന്ന് മുതലേ കണ്ട ഒരു ഭീകരനുണ്ട്.കണ്ണ് തുറിച്ചു കിടക്കുന്ന ഫോട്ടോ..മൂട്ടയ്ക്ക് പാലപ്പൂവിന്റെ മണമാണ് എന്ന് കണ്ടുപിടിച്ചവന്‍!!! സകല പോസ്റ്റിലും കമന്റും ലൈക്കും ഒടക്കും.ഇവനാരെടാ ഇത്തിരി കരുതലോടെ നിന്നുകളയാം. ഒറ്റനോട്ടത്തില്‍ അറിയാം ആള് ശരിയല്ല.
ഇവന്‍ ഇല്ലാത്ത നേരം നോക്കി ഒരു പോസ്റ്റ് ഇട്ടു.എവിടെ നിന്നാണ് ഈ ചങ്ങായി വെട്ടുകിളി പോലെ പറന്നു വീണത്.ഒരു ഉടക്ക് കമന്റ്...ദുഷ്ടന്‍.മെസ്സേജ് ബോക്സില്‍ ചുവപ്പ് കത്തി ആരാണാവോ .
“നല്ല പോസ്ടാ.ഞാന്‍ ഒരു പ്രകോപനം ഉണ്ടാക്കി കമന്ടിക്കാന്‍ അങ്ങനെ കമന്റിയതാ.”
പറയേണ്ടല്ലോ കുരുട്ടുബുദ്ധിയുടെ ആചാര്യന്‍ ആരായിരിക്കും എന്ന്.അവന്‍ തന്നെ സുഹാസന്‍.
പിന്നെ മണ്ടായിക്ക ഇടയ്ക്ക് എപ്പോഴെങ്കിലും പോസ്റ്റുമായി അന്‍വര്‍ഷാ(ഒരു ലോഗ്യവുമില്ല).അനില്‍ ..
പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും തിരിച്ചറിഞ്ഞു.എവിടെയൊക്കെയോ ഞങ്ങള്‍ യോജിച്ചു പോകുന്നുണ്ട്.പൂരപ്പറമ്പില്‍ ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ കഴിയാത്ത മുഖത്ത് നോക്കാന്‍ പോലും നേരമില്ലാത്ത തിരക്കില്‍.ഞങ്ങള്‍ പരസ്പരം അറിയുന്നുണ്ട്.
ചര്‍ച്ചകളും വാഗ്വാദങ്ങളും അതിരുവിടുകയും ,പരസ്പരം തെറിവിളികളും പാരവെപ്പുകളും ഒക്കെയായി ആകെ പകച്ചു നിന്ന നാളുകളില്‍ ഒരു ദിവസം രാവിലെ എഫ് ബി തുറന്നപ്പോള്‍ സുഹാസിന്റെ മെസേജ്. “പുതിയൊരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട് ‘യുവധാര’ പോരുന്നോ.അഡ്മിന്‍ ആവണം”
അഡ്മിന്‍ വേണ്ട(അത് എന്താന്നു തന്നെ അറിയില്ല)സാദാ ആയി നില്‍ക്കാം.
“കിടന്നോട്ടെ.നമുക്ക് പറ്റിയ വേറെ ആരെയൊക്കെ കൂട്ടാം.”
രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.സുരേഷ് മാഷ്.
യുവയുടെ തുടക്കം മണ്ടാ അന്വ ജാഫ ഷാഫി റിനീ...പലയിടങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുവന്നു നിറയ്ക്കുകയാണ്..യുവ മെല്ലെ മെല്ലെ സജീവമാകുന്നു.ആ സമയത്ത് നാട്ടില്‍ പോയത് കൊണ്ട് കൂടുതല്‍ സൌകര്യമായി.തുടക്കം മുതല്‍ എഴുത്തും വായനക്കും അപ്പുറം മനസ്സുകള്‍ തമ്മില്‍ ഒരു അടുപ്പം യുവയില്‍ ഉണ്ടായിരുന്നു.ഒരു നാള്‍ കണ്ടില്ലെങ്കില്‍ എങ്ങോട്ട് പോയി എന്ന ഒരു അന്വേഷണം തീര്‍ച്ച.അംഗങ്ങള്‍ ആയാലും അഡ്മിന്‍ ആയാലും.
അതുവരെ അട്മിനുകള്‍ തമ്മില്‍ ചാറ്റിങ്ങിലൂടെയാണ് ആശയ വിനിമയം നടത്തിയത്.അപ്പോഴാണ് ‘അഡ്മിന്‍ റൂം’ എന്ന ഒരു ഐഡിയ ഉദിച്ചതും, പ്രാവര്‍ത്തികമാക്കിയതും.അത് അട്മിനുകളെ കൂടുതല്‍ അടുപ്പിക്കാനും യുവയുടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും തീരുമാനങ്ങള്‍ എടുക്കാനും കൂടുതല്‍ സൌകര്യമായി.
ഇതിനിടെ അനില്‍ കൂടി അഡ്മിന്‍ ആകുന്നു.
എഫ് ബി യില്‍ ഞാന്‍ പഠിച്ച സ്കൂള്‍ തേടി അലഞ്ഞപ്പോള്‍ എത്തിപ്പെട്ടത് എന്റെ നാട്ടുകൂട്ടത്തില്‍ ആളും അനക്കവും കുറഞ്ഞ അവിടെ ‘ഞാറ്റുവേല’യെ കുറിച്ചുള്ള പോസ്റ്റുമായി വരമ്പത്ത് ഇരുന്ന നാട്ടുകാരനെ കൈയ്യോടെ പൊക്കി ശിഹാബ്...
ഇതിനിടെ വനിതാ അട്മിനായി നളിനി.
സകല പോസ്റ്റുകളിലും നിലവാരമുള്ള കമന്റുകളുമായി ആസ്ത്രേലിയയില്‍ നിന്ന് ഒരു പെണ്‍കുട്ടി രാവും പകലും ഇതിനിടെ യുവയില്‍ സജീവമാകുന്നുണ്ടായിരുന്നു.
നിത്യവും ശുഭദിനവുമായി എത്തുന്ന മണ്ടായിക്കയെ മൂന്നാല് ദിവസം അടുപ്പിച്ചു കാണാഞ്ഞപ്പോള്‍ പരിഭ്രമമായി.മേസേജുകള്‍ക്ക് മറുപടിയില്ല.ഫോണ്‍ കിട്ടുന്നില്ല.
എന്തോ അപകടം പറ്റി ആശുപത്രിയില്‍ ആണെന്ന് ചെറിയൊരു വിവരം കിട്ടി.ആരോട് അന്വേഷിക്കും.ഖത്തറില്‍ ഉള്ള എന്റെ അനുജനെ വിളിച്ചു പറഞ്ഞു. അവിടെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന എന്റെ നാട്ടുകാരന്റെ സഹായത്തോടെ അനുജന്‍ മണ്ടായിക്കയെ നേരില്‍ പോയി കണ്ട് വിവരങ്ങള്‍ അറിയിച്ചു തന്നു.ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയപ്പോള്‍ ശിഹാബുദ്ധീന്‍ മണ്ടായിക്കയെ പോയി കണ്ടു....യുവ ഫേസ്ബുക്കില്‍ നിന്നും യഥാര്‍ത്ഥ സൌഹൃദങ്ങളെ നേരില്‍ അനുഭവിക്കാന്‍ തുടങ്ങുന്നു.....
യുവയില്‍ സജീവമായ ധന്യയും,ആശയും ശിഹാബുദ്ധീനും യുവയുടെ അട്മിനുകള്‍ ആയപ്പോള്‍ യുവ വീണ്ടും വളര്‍ന്നു..
നാട്ടിലായതുകൊണ്ട് പുലര്‍ച്ചെ യുവയില്‍ കയറുമായിരുന്നു എന്നാലും അതിലും നേരത്തെ ഒരാള്‍ പോസ്റ്റ് ഇട്ടു പോയ്ക്കളയുന്നു!! ആരാണ് പാതിരാക്ക് യുവയുടെ മുറ്റത്ത് ഇത്ര നല്ല പഴങ്ങള്‍ കൊണ്ടുവന്നിട്ടു പോയ്ക്കളയുന്ന ‘കടവാതില്‍’!!! പേരുപോലെ തന്നെ ഒരു അജാനുബാഹു. ‘മൊയ്ദീന്‍ പാറയില്‍’.
അസൌകര്യം മൂലം അനില്‍ജി,ശിഹാബ്,ആശ,നളിനി,ഷാഫി,ജാഫര്‍,റിനി... ഇവരൊക്കെ പല സമയങ്ങളിലായി അഡ്മിന്‍ സ്ഥാനമൊഴിഞ്ഞു.പാറയിലും ലൂസി മാലാഖയും അഡ്മിനുകള്‍ ആയി.
ഒരു നോമ്പ് കാലത്ത് ഞാന്‍ എഫ് ബി യില്‍ നിന്നും കുറച്ചു വിട്ടുനിന്ന സമയത്താണ് ഒരു ‘കോട്ടുമുക്രി’ ഇവിടെ വിലസാന്‍ തുടങ്ങിയത്.അയാളുടെ ഒരു കമന്റ് കൊണ്ട് നാല് പോസ്ടുണ്ടാക്കാം.സകല പോസ്റ്റിലും കമന്റിയും ലൈക്കിയും പോരാതെ ഫോണിലും സ്കയ്പ്പിലും വിളിച്ചും സകലമാന യുവകളുടെയും ഉള്ളിലേക്ക് ഇടിച്ചു കയറിയ മാവൂരാന്‍ ഏറെ താമസിയാതെ യുവയുടെ അഡ്മിന്‍ ആയി.
വായനയും എഴുത്തും നന്നായി വഴങ്ങുന്ന വിജുവും,മാന്ത്രികമായ വരികള്‍ കൊണ്ട് മോഹിപ്പിക്കുന്ന കവയത്രി സോണിയും പിന്നെ പത്രപ്രവര്‍ത്തകന്‍ ആയിരുന്ന അലിമുത്തും യുവ അഡ്മിന്‍ പാനലിന്റെ മുതല്‍ക്കൂട്ടുകളായെത്തി.
എഫ് ബി യിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഏറെ ശ്രദ്ധേയയായ മഞ്ഞവും സതാര്‍ക്കയും .അവസാനമായി ഇപ്പോള്‍ റീന...
ഇവരൊക്കെയും യുവ എനിക്ക് നല്‍കിയ അപൂര്‍വ്വ സൌഭാഗ്യങ്ങളാണ്.ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ബന്ധങ്ങള്‍.അത്രയ്ക്ക് അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവര്‍.
മാഷ് എന്റെ അടുത്ത നാട്ടുകാരന്‍. എങ്ങനെ എന്ന് വിശദീകരിക്കാനാവാത്ത ഒരു ആത്മ ബന്ധമാണ് .എന്റെ മക്കള്‍ക്ക് ഏറെ ഇഷ്ടമുള്ള ചേട്ടനും ചേച്ചിയുമാണ് അപ്പൂസും കിങ്ങിണിയും.ഞങ്ങള്‍ നേരില്‍ കാണുന്നതിനു മുമ്പ് തന്നെ ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടിട്ടുണ്ട്.
കാരണവരുടെ സ്ഥാനത്ത് ഉള്ള മണ്ടായിക്കയോടൊപ്പം തന്നെയാണ് എന്നെക്കാളും ഇളപ്പം ആണെങ്കിലും അന്‍വര്‍ ഷായുടെ സ്ഥാനം.
അപ്രതീക്ഷിതമായി ഒരു സൗദി നമ്പര്‍ ഫോണില്‍ തെളിഞ്ഞാല്‍ ഉറപ്പിക്കാം അപ്പുറത്ത് ലൂസി ചേച്ചിയായിരിക്കുമെന്ന്.ഒരു സമാധാനം പോലെ സംസാരം ചിരി.അതാണ് ലൂസി മാലാഖ.ഇടയ്ക്കൊരു ഇത്തിരി ലോഗ്യം കുറഞ്ഞോ എന്ന് തോന്നിയാല്‍ മതി പരിഭവിച്ചു മിണ്ടാതെ നടന്നുകളയും പിന്നെ ഇണങ്ങും.(ഇത് രണ്ടും നമ്മള്‍ പോലും അറിഞ്ഞിട്ടുണ്ടാവില്ല)മരുഭൂമിയിലെ അമ്മക്കിളി.
ഹൃദയം തുറന്നൊരു പൊട്ടിച്ചിരിയാണ് സത്താര്‍ക്ക.സൌഹൃദങ്ങളാണ് ഈ മനുഷ്യന്റെ ഓക്സിജന്‍.നാട്ടിലാകുമ്പോള്‍ അങ്ങോട്ട് വിളിച്ചില്ലെങ്കിലും ഇടയ്ക്കിടെ വിളിക്കും വിവരങ്ങള്‍ അന്വേഷിക്കും.
ഈ മരുന്ന് കച്ചവടക്കാരനും പലച്ചരക്കുകടക്കാരനും ആദ്യമായി കണ്ടത് യുവ കുടുംബ സംഗമത്തില്‍ വെച്ചാണ് എന്ന് തോന്നിയിട്ടില്ല.സതാര്‍ക്കയെ ഞാന്‍ ജീവിച്ച ഇടങ്ങളില്‍ എവിടെയൊക്കെയോ കണ്ടിട്ടുണ്ടാകും.നിറഞ്ഞ ചിരിയുമായി.അല്ലാതെ എങ്ങനെ ഈ അടുപ്പം.!!
അലിമുത്ത് എല്ലാ തമാശകള്‍ക്കും ബഹളങ്ങള്‍ക്കും ഇടയിലും ചെറിയൊരു ചിരിയോടെ അപ്പുറത്തുണ്ട്.തുളുമ്പാത്ത നിറകുടം.സൌമ്യന്‍.യുവയുടെ മുത്ത്.
നമുക്കെന്തെങ്കിലും ഒരു കുരുത്തക്കേട് ഒപ്പിച്ചാലോ എന്ന ഭാവത്തില്‍ വരും ഒരു ‘ചട്ടമ്പിക്കല്യാണി’ വിജു.മഹാനഗരത്തില്‍ ജീവിക്കുന്ന ഒരു ഇടത്തരക്കാരി വീട്ടമ്മയുടെ എല്ലാ പെടാപ്പാടുകള്‍ക്കിടയിലും മറക്കാത്ത വായനയും ചുറുചുറുക്കും വ്യക്തമായ നിലപാടുകളുമായി ഒഴിവുള്ളപ്പോള്‍ യുവയില്‍ സജീവമാകുന്ന വിജുവിനോട് എനിക്ക് ഏറെ ആദരവ് തോന്നിപ്പിക്കുന്നത് എഫ് ബി യുടെ അതിരുകളെ ജീവിതത്തിലേക്ക് കടന്നു കയറാതെ എങ്ങനെ മുന്നോട്ടു കൊണ്ട് പോകാം. എന്നതിന് ശരിയായ മാതൃക എന്ന നിലയിലാണ്.സൗഹൃദങ്ങള്‍ നല്ല രീതിയില്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ.
ദൂരെ നിന്ന് കണ്ടപ്പോള്‍ ശല്യക്കാരിയായ കൊതുക് എന്ന് കരുതിയത് ജീവകാരുണ്യത്തിന്റെ തണല്‍ച്ചിറകുമായൊരു സ്നേഹപ്പക്ഷിയാണെന്ന് കാണിച്ചു തന്നത് മഞ്ജു.ഗള്‍ഫിലെ ഒരു വീട്ടമ്മയുടെ പരിമിതികളില്‍ നിന്ന് കൊണ്ട് എഫ് ബി യിലൂടെയും അല്ലാതെയും മഞ്ജു നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശരിക്കും ഏതെങ്കിലും പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പിന് ഒന്നാം പേജില്‍ ഫീച്ചറായി വരണമെന്ന് ആഗ്രഹിച്ചു പോകാറുണ്ട്.വെറും രക്തദാന പോസ്റ്റ് മാത്രമല്ല മഞ്ജുവിന്റെ പ്രവര്‍ത്തന മേഖലയെന്ന് ഏറെ പേര്‍ക്കും അറിയില്ല.സങ്കടങ്ങളും സന്തോഷങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതില്‍ ആശ്വാസവും സന്തോഷവും കണ്ടെത്തുന്ന യുവയുടെ മഞ്ജു.
അസാധാരണമായ ഭാവനയും വരികളും കൊണ്ട് അമ്പരപ്പിച്ചുകളയും സോണിയുടെ കവിതകള്‍. മലയാള കവിതയുടെ ഭാവിവാഗ്ദാനം .സോണിയെ ചൊല്ലി യുവ ഏറെ അഭിമാനിക്കുന്ന ഒരു നാള്‍ വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കവയത്രിയായ സോണിയല്ല എന്റെ സുഹൃത്ത് സോണി.തമാശകളും കളിയാക്കലുമായി ഒരു സ്വപ്നജീവി.
പുതിയ അഡ്മിന്‍ റീനയെ കൂടുതല്‍ അറിയാത്തത് കൊണ്ട് കൂടുതലൊന്നും എഴുതുന്നില്ല.
മനപ്പൂര്‍വ്വം ആദ്യം എഴുതാഞ്ഞതാണ്.മൂന്നു കൊടുംഭീകരന്മാരും സാധുവായ ഞാനും തമ്മിലുള്ള അടുപ്പത്തെ കുറിച്ച്.സുഹാസും പാറയും പിന്നെ മാവൂരാനും.ഒരു കഥയുടെ തലക്കെട്ട് പോലെ തോന്നുന്നുവോ.
ഇവരെന്റെ ആരാണെന്ന് വിശദീകരിക്കാന്‍ എനിക്കറിയില്ല.എപ്പോഴും വിളിക്കാറില്ല.മെസേജ് പോലും അപൂര്‍വ്വം.പക്ഷെ അതിലും എത്രയോ അടുപ്പം.ഞങ്ങള്‍ നാലുപേരും ഒരേ സ്കൂളില്‍ ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചത്. അന്ന് തുടങ്ങിയ ബന്ധം.തളിയും,വണ്ടുംതറയും,തെങ്ങിലക്കടവും, മൂടാടിയും അന്ന് ഒരു നാടിന്റെ പേരായിരുന്നു.ഞങ്ങള്‍ക്കെല്ലാം ഒരേ പ്രായവും.പരസ്പരം അറിയുന്ന ബന്ധം.
അല്ലായിരുന്നെങ്കില്‍ സുഹാസിന്റെ സ്ഥാനത്ത് വേറെ ആരായിരുന്നാലും എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുകയോ ക്വട്ടേഷന്‍ ടീമിനെ കൊണ്ട് എന്റെ പണി തീര്‍ക്കുകയോ ചെയ്തിട്ടുണ്ടാകും.അത്രക്ക് നല്ല കഥകള്‍ സുഹാസിനെ കൊണ്ട് ഞാനിവിടെ എഴുതിയിട്ടുണ്ട്.ഒപ്പം പാറയെ കുറിച്ചും മാവൂര്‍ക്കയെ പറ്റിയും.അവരോടു ചോദിക്കുക പോലും ചെയ്യാതെ ഇങ്ങനെയൊക്കെ എഴുതാന്‍ എനിക്കുള്ള സ്വാതന്ത്ര്യം സൌഹൃദത്തിന്റെ ഏത് ഉന്നതമായ തലത്തില്‍ ആണെന്ന് നിങ്ങള്‍ ഊഹിക്കുക. ഇത്രയ്ക്ക് ആഴമുള്ള ഒരു സൗഹൃദം ലഭിക്കാനുള്ള ഭാഗ്യം യുവയിലൂടെ ലഭിച്ചത്.
ഒരാളെകൂടി പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല..ഇപ്പോള്‍ അഡ്മിന്‍ അല്ലെങ്കിലും ധന്യയെ കുറിച്ച്.അഡ്മിന്‍ ആയതു മുതല്‍ അന്നുമിന്നും ഒരുപോലെ തുടരുന്ന സൗഹൃദം.ഒരു അനുജത്തിയോടെന്ന പോലുള്ള സ്വാതന്ത്ര്യം.ബുദ്ധികൂര്‍മ്മത,ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്താല്‍ അത് കൃത്യതയോടെ ചെയ്യാനുള്ള മിടുക്ക്,ഉത്സാഹശീലം അങ്ങനെ ഒരു പാട് ഗുണങ്ങള്‍ ചേര്‍ന്നതാണ് ധന്യ.ഒരേ ഒരു കാര്യത്തിലെ ഞങ്ങള്‍ തമ്മില്‍ ഉടക്കുള്ളൂ എന്റെ നിര്‍ബന്ധം കൊണ്ട് തുടങ്ങി പാതിവഴിയില്‍ ഇട്ട ബ്ലോഗ്,നന്നായി എഴുതാന്‍ കഴിവുണ്ടായിട്ടും ഉഴപ്പ് പോസ്റ്റുകളുമായി എഫ് ബി കളിക്കുന്നത്.യുവയിലൂടെ ലഭിച്ച ഇഴയടുപ്പമുള്ള ഈയൊരു സൌഹൃദത്തെ കുറിച്ച് പറയാതിരിക്കുന്നതെങ്ങിനെ..
യുവ എനിക്ക് നല്‍കിയ ഒരുപാട് സുഹൃത്തുക്കളുണ്ട്.ലൈക്കിലും കമന്റിലും മാത്രമല്ല,കണ്ണെത്താദൂരത്തു നിന്ന് ഇടയ്ക്കൊരു വിളിയായി,മെസ്സേജ് ആയി,യുവ കുടുംബസംഗമത്തില്‍ നേരില്‍ കണ്ടും അനുഭവിച്ചും ഉള്ളു നിറഞ്ഞ സൌഹൃദങ്ങള്‍.ഓരോരുത്തരെ കുറിച്ചും എഴുതുവാന്‍ എമ്പാടുമുണ്ട്.ഈ ഒരു കുറിപ്പ് അതിനു മതിയാകില്ല.അതുകൊണ്ട് തന്നെ ഈ പോസ്റ്റ് യുവയിലെ എന്റെ സഹ അഡ്മിനുകളെ കുറിച്ച് മാത്രമായി ചുരുക്കുന്നതില്‍ ക്ഷമിക്കുക.

No comments:
Post a Comment