ഷെല്‍ഫ്
അന്ന് തിരിച്ചയച്ചപ്പോള്‍
ചുംബിച്ച് നില്‍ക്കുന്ന പാവകളുള്ള
ആ ഷെല്‍ഫില്‍ എന്റെ ഹൃദയം
വെച്ചിരുന്നു
പോക്കുവെയിലില്‍
മഞ്ഞില്‍ ,മഴയില്‍
ഉരുകിയോ ,നനഞ്ഞോ
പഴക്കം നഷ്ടപ്പെടാതെ അത്
അവിടെയുണ്ടായിരിക്കാം ?
എന്നെ മറക്കാന്‍ പറഞ്ഞ
വേദ പുസ്തകം ആ ഷെല്‍ല്ഫിലാണോ
എങ്കില്‍ ആ വരികള്‍തുറന്ന് ഹൃദയത്തോട്
ചേര്‍ത്ത് വെക്കണം കേട്ടോ
ശൂന്യവേളയില്‍
ഉമ്മറത്ത് വെറുതേ ഓര്‍മ്മകളെ
ശിരസില്‍ വിരലോടിച്ച്
നീ ഉണര്‍ത്തുമ്പോള്‍
തിരിഞെങ്ങോട്ടാണ് നോക്കുന്നതെന്ന്
എനിക്കറിയാം
അപ്പോള്‍ പൊയ്പ്പോയ
ഒരു മഴക്കാലം കുടചൂടി
നില്‍ക്കുന്നത് ഞാനും കാണുന്നുണ്ട്
നെടുവീര്‍പ്പില്‍ പാറിവന്ന്
നിന്‍റെശ്വാസം ഹൃദയത്തില്‍
തഴുകുമ്പോള്‍ മറവിയുടെയും
ഓര്‍മ്മയുടെയും ഇടയിലെ
ശൂന്യതയില്‍ നീ ആ ഷെല്‍ഫില്‍
വെറുതെയെങ്കിലും നോക്കുന്നുണ്ട്
No comments:
Post a Comment