Thursday, August 15, 2013


SOUDHAMINI .M.N
 കൂട്ടായ്മകള്‍ അപ്രത്യക്ഷമാകുകയും,ഒറ്റപ്പെട്ട തുരുത്തുകളുടെ ബാഹുല്യം കൂടുതല്‍ പ്രകടമാകുകയും ചെയ്തു തുടങ്ങിയ ഇക്കാലത്ത് ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും ആവിര്‍ഭാവം നാമൊക്കെ കരുതുന്നതിലും എത്രയോ മുകളിലാണ്. നിരന്തരം ഉണര്‍ന്നിരിക്കുന്ന നമ്മുടെ നിമിഷങ്ങളിലെ നിതാന്ത സാന്നിദ്ധ്യമായി സോഷ്യല്‍ മീഡിയ സടകുടഞ്ഞെഴുന്നേറ്റത് തീര്‍ച്ചയായും ഫേസ്ബുക്കിന്റെ വരവോടെ തന്നെയാണ്. 

മനസ്സിലെ ശൂന്യതയെ മാറ്റുവാന്‍ ഫേസ്ബുക്ക്‌ ഒരു ഉപാധി ആയിരുന്നു. പ്രപഞ്ചത്തെ നോക്കി കാണുവാന്‍ ഇഷ്ടപ്പെട്ട എനിക്ക് അവിടെ പ്രത്യക്ഷപ്പെടുന്ന വര്‍ണ്ണ ശബളമായ പ്രകൃതിയും കിളികളും ആശ്വാസം ആയിരുന്നു. വര്‍ഷങ്ങള്‍ അങ്ങിനെ കടന്നു പോകവേ കുറെ ആളുകള്‍ ഫ്രണ്ട് ആയി വന്നു. എന്നാല്‍ എല്ലാവരും എനിക്ക് അപരിചിതര്‍.. . അടുത്തറിയാന്‍ ശ്രമിച്ചാല്‍ ബ്ലോക്ക്‌ ചെയ്തു അവരെ ഒഴിവാക്കേണ്ട അവസ്ഥ. ഫേസ്ബുക്കിനകത്തുളള വലുതും ചെറുതുമായ ഒട്ടേറെ കൂട്ടായ്മകളില്‍ അഭിരമിക്കാന്‍ കൂട്ടാക്കാതെ മനസ്സ് ഒരല്പ്പം മാറി നില്‍ക്കവെ ചുറുചുറുക്കാര്‍ന്ന സംഭാഷണ ശകലങ്ങളുമായി എന്റെ മുന്നില്‍ വന്നു പോകുന്ന ഒരു പോസ്റ്റ്‌ എന്നില്‍ വിസ്മയം ജനിപ്പിച്ചു.



ആ വ്യക്തിപ്രഭാവത്തെ അടുത്തറിയുവാന്‍ മനസ്സ് വെമ്പല്‍ കൊണ്ടു. അദ്ധേഹത്തിന്റെ അസാധാരണമായ ഊര്ജ്ജ്വസ്വലതയും ഊഷ്മളമായ പെരുമാറ്റവും എന്നെ ആക൪ഷിച്ചു. വിജ്ഞാന വാഹകന്‍ എന്നതിനപ്പുറം അറിവിന്റെയും വിജ്ഞാനത്തിന്റെയും അന്വേഷകനായി അദ്ധേഹത്തെ ഞാന്‍ കണ്ടു. ഒരു നാള്‍ ഞാന്‍ മനസ്സിലാക്കി ആ വ്യക്തി ഒറ്റയ്ക്കല്ല. കൂടെ ഊഷ്മളത നിറഞ്ഞ ഒരു ആരവം തന്നെ ഉണ്ട്. സൌഹൃദത്തിന്റെ, മാനുഷീകതയുടെ പ്രപഞ്ച വിസ്മയം അദ്ധേഹത്തെ പിന്‍ തുടര്‍ന്ന എനിക്ക് കണ്ടെത്തുവാന്‍ കഴിഞ്ഞു.
യുവധാര സൗഹൃദ വേദിയെ അടുത്തറിഞ്ഞപ്പോള്‍ കാഴ്ചപ്പാടില്‍ സമൂലമായ ഒരു മാറ്റം ഭവിച്ചു. തീര്‍ച്ചയായും യുവധാര ഒരു അമൃതധാര തന്നെയാണ്. സൗഹൃദത്തിന് ഒരു കൂട്ടായ്മ എന്നത് എത്ര മനോഹരമായ ഒരു സങ്കല്പ്പമാണ്. യുവധാരയിലൂടെ നമുക്കത് യാഥാര്‍ത്ഥ്യമാകുന്നു.
കാഴ്ചയ്ക്കപ്പുറമുളള, സാങ്കല്പ്പികമായ നിലനില്പ്പ് മാത്രമുളള ഒരു മാധ്യമ ലോകത്ത് സൗഹൃദത്തിന്റെ ഊഷ്മളത കടത്തിവിടുമ്പോള്‍ ജീവനില്ലാത്തതും ജീവസ്സുറ്റതാകുന്നു. അങ്ങിനെ ഒരു വാക്കായോ, ഒരു കവിതാ ശകലമായോ, ഒരു സംഭാവമായോ യുവധാര മനസ്സില്‍ മായാത്ത മുദ്ര പതിപ്പിക്കുന്നു. നമ്മുടെ ഉള്ളിലെ ഉഴവു ചാലില്‍ കനവായും, കനിവായും, കിനാവായും കാലത്തെ അതിജീവിച്ചു യുവധാര നിലകൊള്ളുന്നു. അമൂര്‍ത്തതയില്‍ നിന്നും സഫല പ്രത്യക്ഷങ്ങളിലെയ്ക്ക് യുവധാര ചരിക്കുന്നതിന്റെ പ്രകാശ വേഗമാര്‍ന്ന തീവൃത നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. തത്വചിന്താപരമായ അരൂപങ്ങളില്‍ നിന്നും അനുദിന യാഥാ൪ത്ഥ്യങ്ങളിലെയ്ക്ക് അത് നമ്മെ നയിക്കുന്നു. 



വെര്‍ച്വല്‍ വേള്‍ഡ് അഥവാ സാങ്കല്പ്പിക ലോകത്തിലല്ല ഈ കൂട്ടായ്മ വേരൂന്നി നില്ക്കുന്നത്.യുവധാര യൗവനം എന്ന നൈരന്തര്യത്തിന്റെ ആഘോഷമാണ്.നവ്യവും,ചടുലവും കാലാതീതവുമായ ചിന്തകളുടെ കൂട്ടായ്മ.
ജാതി,മത,വര്‍ഗ്ഗ,വര്‍ണ്ണ ഭേദങ്ങളാല്‍ തുറുങ്കിലാക്കപ്പെടാത്തവരുടെ കൂട്ടായ്മ. മെച്ചപ്പെട്ട വരുമാനത്തിനായി മണലാരണ്യങ്ങളില്‍ ജീവിതം പറിച്ചു നടപ്പെട്ട്, കഠിനാഅദ്ധ്വാനത്തിന്റെ ഭാരവും ഉറ്റവരെയും ഉടയവരെയും പിരിഞ്ഞു കഴിയേണ്ടി വരുന്ന ഏകാന്തതയുടെ നൊമ്പരവും പേറുന്ന മലയാളികള്‍, തങ്ങളുടെ ഓര്‍മ്മകള്‍ക്കൊപ്പം ഹരിതാഭമായ സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സ്പര്‍ശനവും, വഴിമുട്ടിയ ജീവിത സാഹചര്യങ്ങളില്‍ ഒരു താങ്ങായും പ്രവര്‍ത്തിക്കുന്നു. പിറന്ന നാട് പോലും നിസ്സഹായതയോടെ നോക്കുന്ന സാഹചര്യത്തില്‍, ആര്‍ക്കൊക്കെയോ വേണ്ടി സ്വന്തം ജീവിതത്തെ ദാനം കൊടുക്കുന്ന പാവം പ്രവാസികള്‍.. അവരുടെ ഊറിതെളിഞ്ഞ മനസ്സിന്റെ നിര്‍മ്മലത യുവധാരയില്‍ ഉടനീളം ദര്‍ശിക്കുവാന്‍ സാധിക്കും. 


മറ്റു ഗ്രൂപ്പ് കളില്‍ നിന്നെല്ലാം വ്യത്യസ്ഥത പുലര്‍ത്തുന്ന യുവധാര കര്‍മ്മം കൊണ്ടും, സ്നേഹം കൊണ്ടും, സംസ്കാരം കൊണ്ടും വളര്‍ന്നു പന്തലിച്ച ഒരു കൂട്ടുകുടുംബമാണ്. ഇവിടെ നിന്നും അകന്നു നില്‍ക്കുമ്പോള്‍ ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങള്‍ കുത്തി നോവിക്കാറുണ്ട്. യുവധാരയുടെ ഈ ആ൪ജ്ജവത്തിനും നവതയ്ക്കും മുന്നില്‍ എന്നും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ശിരസ്സ്‌ നമിക്കുന്നു. 


സ്നേത്തിന്റെ, കാരുണ്യത്തിന്റെ, തുറന്ന മനസ്സുകളുടെ, കാമ്പുളള,സര്‍ഗ്ഗാത്മക ചിന്തകളുടെ വിളനിലമായി എന്നും വിളയട്ടെ, വിളങ്ങട്ടെ യുവധാര !!!!

No comments:

Post a Comment